Indian expand_more

പ്രകൃതി ദുരന്ത മുന്നറിയിപ്പിന് സൈറൺ ‘കവചം’

Admin | indian | Nov 21 2022

കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനായി മൊബൈൽ ടവറുകളിലടക്കം 126 സ്ഥലങ്ങളിൽ സൈറണും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് മൊബൈൽ ടവറുകൾ ഇത്തരം ആവശ്യങ്ങൾക്ക് നൽകുന്നതിനായി കേന്ദ്ര ടെലികോം വകുപ്പ് ചട്ടഭേദഗതി വരുത്തി. 

രാജ്യസുരക്ഷ, പൊതുതാൽപര്യം എന്നിവ കണക്കിലെടുത്തുള്ള ആവശ്യങ്ങൾക്ക് രാജ്യമാകെ മൊബൈൽ കമ്പനികൾ അവരുടെ ടവറുകൾ ഇനി നൽകേണ്ടി വരും. സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയാണ് (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി (എൻസിആർഎംപി) പ്രകാരം ‘കവചം’ എന്ന പേരിലാണ് സമഗ്രമായ മുന്നറിയിപ്പ് സംവിധാനം ഒരുങ്ങുന്നത്. സർക്കാർ കെട്ടിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട മൊബൈൽ ടവറുകളിലുമാണ് സൈറണുകൾ സ്ഥാപിക്കുന്നതെന്ന് കെഎസ്ഡിഎംഎ മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. 

സംസ്ഥാന കൺട്രോൾ റൂമുകൾക്കു പുറമേ പ്രാദേശിക ഭരണകൂടങ്ങൾക്കു വരെ അപായ മുന്നറിയിപ്പ് നൽകാം. 36 മൊബൈൽ ടവറുകളിലും ബാക്കിയിടങ്ങളിൽ സർക്കാർ കെട്ടിടങ്ങളിലുമാണ് സൈറണും ലൈറ്റും സ്ഥാപിക്കുന്നത്. സൈറണു പുറമേ എസ്എംഎസ്, ഇമെയിൽ വഴി മുന്നറിയിപ്പ് നൽകാനും പദ്ധതിയിൽ സൗകര്യമുണ്ടായിരിക്കും.മുന്നറിയിപ്പ് സംവിധാനം പ്രധാനമായി തീരമേഖല കേന്ദ്രീകരിച്ചാണ്. ബിഎസ്എൻഎൽ ടവറുകളാണ് ആദ്യഘട്ടത്തിൽ എടുത്തിരിക്കുന്നത്. 28 ടവറുകളിൽ ദുരന്തനിവാരണ നിയമപ്രകാരം സൈറൺ സ്ഥാപിച്ചുകഴിഞ്ഞു. ഭാവിയിൽ കൂടുതൽ ടവറുകളിൽ സ്ഥാപിക്കാം.

arrow_upward