Indian expand_more

ഗോൾഡൻ ഗ്ലോബ് റേസിൽ വിജയതീരമണഞ്ഞ് മലയാളി അഭിലാഷ് ടോമി

Admin | indian | May 08 2023

സാഹസിക സമുദ്രപര്യടനമായ ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യൻ വിജയമുദ്ര! മലയാളി കമാൻഡർ അഭിലാഷ് ടോമിയുടെ എസ്‌വി ബയാനത്  ആണ്  രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. 1968 ലെ സാങ്കേതിക സംവിധാനങ്ങൾ മാത്രം ഉപയോഗിച്ചു പങ്കെടുക്കേണ്ട ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് നാൽപത്തിനാലുകാരനായ അഭിലാഷ് ടോമി.

കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിന് ആരംഭിച്ച പായ്‌വഞ്ചയോട്ടത്തിന്റെ 236–ാം ദിവസമാണ് അഭിലാഷ് വിജയതീരമണഞ്ഞത്. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ അഭിലാഷ് ടോമിക്ക്  മുൻപു ഫിനിഷ് ചെയ്തിരുന്നു. ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽനിന്ന് ആരംഭിച്ച പായ്‌വഞ്ചിയോട്ടം അറ്റ്ലാന്റിക്, പസിഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലൂടെ 48,000 കിലോമീറ്ററോളം പിന്നിട്ടാണ് തിരികെയെത്തിയത്. ഇതിനിടെ കേപ് ഓഫ് ഗുഡ്ഹോപ്, കേപ് ല്യൂവിൻ, കേപ് ഹോൺ എന്നീ മുനമ്പുകളും നാവികർ പിന്നിട്ടു. രണ്ടാം തവണയാണ് അഭിലാഷ് ടോമി കടലിലൂടെ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ലോകം ചുറ്റുന്നത്. 2012 ൽ, ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ 2 ന്റെ ഭാഗമായി 151 ദിവസം തുടർച്ചയായി സമുദ്രയാത്ര നടത്തി. 2018 ലെ ഗോൾഡൻ ഗ്ലോബ് റേസിനിടെ ഇന്ത്യ‍ൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്ന് അഭിലാഷ് ടോമിക്കു പരുക്കേറ്റിരുന്നു.

arrow_upward