Indian expand_more

ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-01 ഭ്രമണപഥത്തിൽ എത്തിച് ഇന്ത്യ

Admin | indian | Jun 05 2023

തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ‘എൻവിഎസ്-01’ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു. മുൻ ദൗത്യം പരാജയപ്പെട്ടതിന്റെ പേരുദോഷം ‘ജിഎസ്എൽവി എഫ് 12– എൻവിഎസ് –01’ ദൗത്യം വിജയിച്ചതു വഴി ജിഎസ്എൽവി റോക്കറ്റ് തിരുത്തി.

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞു. ഏറ്റവും കൃത്യമായി സമയം നിർണയിക്കാൻ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്കാണ് ഉപഗ്രഹത്തിനൊപ്പമുള്ളത്. ഇതോടെ ഈ സാങ്കേതികവിദ്യ കൈവശമുള്ള 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഗതിനിർണയ, വ്യോമയാന, സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) സംവിധാനം ഐഎസ്ആർഒ വികസിപ്പിച്ചെടുത്തത്. 7 ഉപഗ്രഹങ്ങളുടെ ഈ ശൃംഖലയിലേക്കാണ് എൻവിഎസ് – 01 എത്തിയത്. ഇൗ വിഭാഗത്തിലെ ഐആർഎൻഎസ്എസ്-1ജി ഉപഗ്രഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് എൻവിഎസ് –01 വിക്ഷേപിച്ചത്. ഇതേ ശ്രേണിയിൽ 5 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും. ഇവ പൂർണ സജ്ജമാകുന്നതോടെ തദ്ദേശ ഗതിനിർണയ സംവിധാനമായി നാവിക് മാറും. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് (എസ്പിഎസ്), സേനകൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്കു നിയന്ത്രിത സേവനങ്ങൾ എന്നിവ ലഭ്യമാക്കുകയാണു ദൗത്യം.

arrow_upward