അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള ഐക്യമുറപ്പിക്കാൻ ഒത്തുചേർന്ന 26 പ്രതിപക്ഷ കക്ഷികൾ മുന്നണിക്കു പുതിയ പേരിട്ടു – ഇന്ത്യ. ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ എന്നതിന്റെ ചുരുക്കെഴുത്താണിത്. ലോക്സഭയിലേക്കുള്ള പോരാട്ടം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും പ്രതിപക്ഷ നിര നയിക്കുന്ന ഇന്ത്യയും തമ്മിലായിരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ അടുത്ത യോഗം ഒരു മാസത്തിനുള്ളിൽ മുംബൈയിൽ ചേരും.
എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ) എന്നീ പാർട്ടികൾ ആതിഥ്യം വഹിക്കും. യോഗത്തോടനുബന്ധിച്ച് മുംബൈയിൽ സംയുക്ത റാലി നടത്താനും ആലോചനയുണ്ട്. പ്രതിപക്ഷ നിരയുടെ കൺവീനറെ മുംബൈയിൽ തീരുമാനിക്കും. പ്രതിപക്ഷത്തിന്റെ പൊതുമിനിമം പരിപാടി, ഒറ്റക്കെട്ടായുള്ള പ്രചാരണം എന്നിവയുടെ മേൽനോട്ടത്തിനായി 11 അംഗ സമിതിക്കും രൂപം നൽകും. ഏകോപനത്തിനായി എല്ലാ കക്ഷികളിൽ നിന്നും ഒരാളെ വീതം ഉൾപ്പെടുത്തി ഡൽഹി കേന്ദ്രീകരിച്ചു സമിതിയും സജ്ജമാക്കും. പ്രതിപക്ഷ നിരയ്ക്ക് ഇന്ത്യ എന്നു പേരിടാനുള്ള ആശയം മുന്നോട്ടുവച്ചതും അതിനുവേണ്ടി ശക്തമായി വാദിച്ചതും രാഹുൽ ഗാന്ധിയാണ്. മറ്റു പല നിർദേശങ്ങളും വന്നെങ്കിലും ഒടുവിൽ ഈ പേരുതന്നെ തീരുമാനമായി.