Admin | international | Jul 24 2023
നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉയര്‍ത്തുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ആദ്യ ഔപചാരിക ചര്‍ച്ചക്കൊരുങ്ങി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. ന്യൂയോര്‍ക്കില്‍ വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നേതൃത്വം നല്‍കും.സഭയുടെ ഈ മാസത്തെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്. നിര്‍മിതബുദ്ധി ആഗോള സുരക്ഷയെയും സമാധാനത്തേയും എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ചര്‍ച്ചയ്ക്കും സഭ ആഹ്വാനം ചെയ്യും. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകളിലൂടെ വളര്‍ന്നുവരുന്ന ഭീഷണികള്‍ എങ്ങനെ നേരിടണം എന്നത് ലോകവ്യാപകമായി ഭരണകൂടങ്ങളുടെ പരിഗണനയിലുള്ള വിഷയമാണ്. അന്തര്‍ദേശീയ ആണവോര്‍ജ എജന്‍സിക്ക് (ഐഎഇഎ) സമാനമായി നിര്‍മിതബുദ്ധിയുടെ ആഗോള നിയന്ത്രണത്തിനായി ഒരു സമിതിക്ക് തുടക്കമിടണമെന്ന ചില നിര്‍മിതബുദ്ധി വിദഗ്ദരുടെ നിര്‍ദേശത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ജൂണില്‍ പിന്തുണ നല്‍കിയിരുന്നു. എഐ ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കുകയല്ല കടുത്ത നിയമനിര്‍മാണങ്ങളിലൂടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടതെന്നുമാണ് നിര്‍മിതബുദ്ധി രംഗത്തെ ഒരു വിഭാഗം വിദഗ്ദരുടെ അഭിപ്രായം. ഓപ്പണ്‍ എഐ പോലുള്ള സ്ഥാപനങ്ങള്‍ പോലും എഐ ഭാവിയില്‍ ഭീഷണികള്‍ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.