Admin | international | Jul 31 2023
ഒരു മാസമായി ‘കാണാനില്ലാത്ത’ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ചൈന നീക്കി. മുൻ വിദേശകാര്യമന്ത്രി വാങ് യിയെ തൽസ്ഥാനത്തു പ്രതിഷ്ഠിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉദിച്ചുയരുന്ന താരം കൂടിയായ ചിൻ ഗാങ് (57) എവിടെ എന്ന ചോദ്യത്തിനു മറുപടിയില്ല. ‘ചിൻ ഗാങ്ങിനെ നീക്കുകയും വാങ് യിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു’ എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തത്. പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിൻ ഗാങ് ചുമതലയേറ്റശേഷം ആറുമാസം പിന്നിടുന്നതേയുള്ളു. ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങൾ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു. യുഎസിൽ അംബാസഡർ ആയിരുന്ന ചിൻ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്.