Indian expand_more

നെയ്മർ ജൂനിയർ ചെൽസിയിലേക്ക്? ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് PSG യെ അറിയിച്ചതായി റിപ്പോർട്ട്

Admin | indian | Aug 14 2023

ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ ചെൽസിയിലേക്ക് എന്ന് സൂചന. പ്രീമിയർ ലീഗ് ക്ലബ്ബുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് നെയ്മർ പാരീസ് സെന്റ് ജെർമെയ്‌നെ അറിയിച്ചതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഊഹാപോഹങ്ങൾക്കിടയിൽ നെയ്മറിന്റെ പിതാവും പ്രതികരണവുമായി രംഗത്തെത്തി. ആറ് വർഷം മുമ്പാണ് നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ലോകറെക്കോഡ് ചുവടുമാറ്റം നടത്തുന്നത്. പിഎസ്ജിയില്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാൽ ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യാനിരിക്കെ ക്ലബ് വിടുന്ന കാര്യം താരം മാനേജ്മെന്റിനെ അറിയിച്ചതായി ടെലിഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബാഴ്സലോണ, സൗദി തുടങ്ങി നിരവധി ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ബ്രസീലിയൻ സെൻസേഷനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസി മുന്നിലാണെന്നാണ് ആർഎംസി സ്‌പോർട്ടിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നത്. പി‌എസ്‌ജിയിലെ ഭീമമായ പ്രതിഫലം കാരണം, താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകൾ ഇതിനകം തന്നെ അദ്ദേഹത്തോട് മുഖം തിരിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാൻ ചെൽസിക്ക് കഴിയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

arrow_upward