ന്യൂഡൽഹി: പ്രവചനങ്ങൾ കടത്തിവെട്ടി വൻഭൂരിപക്ഷത്തോടെ വീണ്ടും മോദി സർക്കാർ. രാജ്യത്തു വീശിയടിച്ച മോദി തരംഗത്തിൽ ബിജെപിക്കു തനിയെ മുന്നൂറിലേറെ സീറ്റും എൻഡിഎയ്ക്കു 2014ലേതിലും വലിയ വിജയവും നേടാനായി.
എന്നാൽ കേരളത്തിൽ 19 സീറ്റുകളോടെ യുഡിഎഫിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമായി. കോൺഗ്രസ് 51 സീറ്റിലൊതുങ്ങിയപ്പോൾ യുപിഎയ്ക്കു 100 തികയ്ക്കാനായില്ല. യുപിയിൽ എസ്പി-ബിഎസ്പി സഖ്യം വിഫലമായി.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോണ്‍ഗ്രസും ഒഡീഷയിൽ ബിജെഡിയും അരുണാചൽ പ്രദേശിൽ ബിജെപിയും കേവല ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. സിക്കിമിൽ പ്രതിപക്ഷ പാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ചയാണു (എസ്കെഎം) മുന്നിൽ. ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്കെഎഫ്) തൊട്ടടുത്തുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും സിക്കിമിൽ കനത്ത തിരിച്ചടിയാണ്.
ബംഗാളിൽ മമത ബാനർജിയുടെ കോട്ടയ്ക്കു ബിജെപി വെല്ലുവിളി ഉയർത്തുന്നു. ഇടതുപക്ഷം അവിടെ ഇല്ലാതായി. ഞായറാഴ്ചയോടെ പുതിയ സർക്കാർ രൂപീകരണത്തിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലോചന.
ഒൗദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായ ശേഷം ഇന്നോ, നാളെയോ മന്ത്രിസഭാ രൂപീകരണത്തിനു മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിക്കും. രാഷ്ട്രപതി ഭവനു മുന്നിലെ വിശാല അങ്കണത്തിൽ 2014ലേതു പോലെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി നടത്തുമെന്നാണു സൂചന. എന്നാൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചടങ്ങിനു ക്ഷണിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപി കേന്ദ്ര ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം ചേർന്ന പാർലമെന്ററി പാർട്ടി യോഗം ഫലത്തിൽ മോദിക്കും അമിത് ഷായ്ക്കുമുള്ള സ്വീകരണ സമ്മേളനമായി. ഇന്നലെ രാത്രിയും ഇന്നുമായി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ആലോചിച്ചാകും പുതിയ മന്ത്രിമാരെ തീരുമാനിക്കുക. സുഷമ സ്വരാജ് അടക്കം നിരവധി മന്ത്രിമാരെ തഴഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങൾ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പദവിക്കു ഭീഷണിയാണ്.
ഹിന്ദി ഹൃദയഭൂമിയിലെല്ലാം ബിജെപിയുടെ തേരോട്ടമുണ്ടായപ്പോഴും കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യയിൽ ബിജെപിക്കു കാലിടറി.
എന്നാൽ, കേരളത്തിലെ 20ൽ 19 സീറ്റുകളിൽ നേടിയ മിന്നുന്ന ജയത്തിന്റെ ബലത്തിലും കോണ്‍ഗ്രസിനും യുപിഎയ്ക്കും മൂന്നക്കം കടക്കാനായില്ല. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ തൂത്തുവാരിയ ബിജെപിക്ക് പശ്ചിമ ബംഗാളിലും ഒഡീഷയിലും തെലുങ്കാനയിലും സീറ്റുകൾ വർധിപ്പിക്കാനുമായി.
നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മുതിർന്ന കേന്ദ്രമന്ത്രിമാരും റിക്കാർഡ് ഭൂരിപക്ഷത്തോടെ ജയിച്ചു. വാരാണസിയിൽ മോദിക്ക് അഞ്ചു ലക്ഷവും അഹമ്മദാബാദിൽ അമിത് ഷായ്ക്ക് അഞ്ചു ലക്ഷത്തിലേറെയും വോട്ടുകളുടെയും വൻ ഭൂരിപക്ഷമാണു കിട്ടിയത്. വയനാട്ടിൽ നാലു ലക്ഷത്തിലേറെ വോട്ടുകൾക്ക് വൻവിജയം നേടിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ അമേഠിയിലെ തന്റെ സ്ഥിരം സീറ്റിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റതു നാണക്കേടായി.
ഉത്തർപ്രദേശിൽ കോണ്‍ഗ്രസിനെ ഒഴിവാക്കി ഉണ്ടാക്കിയ എസ്പി-ബിഎസ്പി മഹാസഖ്യത്തിനും ബിജെപിയെ മറികടക്കാനായില്ല. സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾക്ക് ബംഗാളിൽ ഒരു സീറ്റു പോലും ലഭിച്ചില്ല.
ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി നേരിട്ട കേരളത്തിൽ ഒരു സീറ്റിൽ സിപിഎം ഒതുങ്ങി. തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയുടെ ചെലവിൽ സിപിഎമ്മിനും സിപിഐക്കും കിട്ടിയ രണ്ടു വീതം സീറ്റുകളാണു ആശ്വാസം.
ഡൽഹിയിൽ കോണ്‍ഗ്രസുമായി സഖ്യത്തിനു വിസമ്മതിച്ച ആം ആദ്മി പാർട്ടിക്കും കേജരിവാളിനും ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും വീണ്ടും ബിജെപിക്ക് അടിയറവു പറയേണ്ടി വന്നു. പഞ്ചാബിൽ പഴയ വിമതന്റെ ജയം മാത്രമാണു പാർലമെന്റിൽ ഇനി എഎപിയുടെ ഏക സാന്നിധ്യം.
ഡൽഹിയിൽ ഏഴിടത്തു കോൺഗ്രസാണു രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽ തെലുങ്കുദേശവും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയും വലിയ തിരിച്ചടി നേരിട്ടു.